PHOTO | WIKI COMMONS
അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം; ഈ വര്‍ഷത്തെ പത്താമത്തെ സംഭവം
യുഎസില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെക്കൂടി മരിച്ച നിലയില്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അമേരിക്കയിലെ ഒഹായോയിലെ ക്ലീവ്‌ലാന്‍ഡില്‍ പഠിക്കുന്ന ഉമ സത്യ സായി ഗദ്ദേ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. അമേരിക്കയില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെടുന്ന പത്താമത്തെ സംഭവമാണിതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിയുടെ മരണകാരണം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ഈ വര്‍ഷം മാര്‍ച്ചില്‍ മുഹമ്മദ് അബ്ദുള്‍ അറാഫത്ത് എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ക്ലീവ്‌ലാന്‍ഡ് പ്രദേശത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. വിദ്യാര്‍ത്ഥിയെ മോചിപ്പിക്കണമെങ്കില്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് അറാഫത്തിന്റെ കുടുംബത്തിന് ഫോണ്‍ കോളുകള്‍ വന്നതായാണ് റിപ്പോര്‍ട്ട്. യുഎസില്‍ ഇന്‍ഡ്യാന പര്‍ഡ്യൂ യുണിവേഴ്‌സിറ്റിയിലെ നീല്‍ ആചാര്യ എന്ന വിദ്യാര്‍ത്ഥിയും ജോര്‍ജിയയില്‍ വിവേക് സൈനി എന്ന വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടിരുന്നു.
ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിര്‍ അലി എന്ന വിദ്യാര്‍ത്ഥി ചിക്കാഗോയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. 2024 ന്റെ തുടക്കം മുതല്‍ യുഎസില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ പത്തോളം ഇന്ത്യന്‍ വംശജര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ തുടര്‍ച്ചയായ മരണത്തില്‍ ഇന്ത്യന്‍ എംബസ്സി അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു.